പിണറായിക്ക് പിന്നാലെ കോടിയേരിയും ചികിത്സക്കായി അമേരിക്കയിലേക്ക്

  • 21/04/2022

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക്. അടുത്തയാഴ്ചയാണ് കോടിയേരിയുടെ യാത്രതിരിക്കുക . എന്നാല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. 

ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. മടങ്ങി വരുന്ന തീയതി സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയാത്ര തിരിച്ച് മുന്നോ നാലോ ദിവസങ്ങള്‍ കഴിയുമ്പോള്‍ കോടിയേരിയും അമേരിക്കയിലേക്ക് പുറപ്പെടും. രണ്ടാഴ്ചത്തെ തുടര്‍ ചികിത്സയാണ് കോടിയേരിക്ക് നിശ്ചയിച്ചിരിക്കുന്നത്. 

പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്ക് പോകുന്നത്. ദീര്‍ഘകാലത്തേക്ക് മാറി നില്‍ക്കുന്നില്ല എന്നതിനാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി മറ്റാര്‍ക്കും കൈമാറുന്നില്ല. പാര്‍ട്ടി സെന്ററാകും സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുന്നത്. 

കോടിയേരി ചികിത്സക്കായി ആദ്യം അവധിയെടുത്തപ്പോഴും പാര്‍ട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ചത്. പിന്നീട് ബിനീഷ് കോടിയേരിക്കെതിരെ കേസ് വന്ന സാഹചര്യത്തിലായിരുന്നു കോടിയേരി അവധിയെടുത്ത് എ.വിജയരാഘവന് ചുമതല കൈമാറിയത്. അന്നും ചികിത്സയ്ക്കായി അവധിയെടുത്തതെന്നായിരുന്നു പാര്‍ട്ടി നിലപാട്.



Related News