സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലിസുകാരനെതിരേ അന്വേഷണം

  • 21/04/2022

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വേക്കെതിരായ സമരത്തിനിടെയുണ്ടായ അനിഷ്ഠ സംഭവങ്ങളില്‍ നടപടി. കണിയാപുരത്ത് സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ എസ് പി പരാതി അന്വേഷിക്കും.

തിരുവനന്തപുരം റൂറല്‍ എസ്.പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷബീറിനെതിരെയാണ് അന്വേഷണം. അതേസമയം കെ റെയിലുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെ സി ബി സി മീഡിയ കമ്മീഷന്‍ രംഗത്ത് വന്നു. 

സംസ്ഥാന സര്‍ക്കാരിന് അധികാരത്തിന്റെ അഹന്തയാണെന്ന് മീഡിയ കമ്മീഷന്‍ കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാന്‍ തെരുവില്‍ പൗരന്മാരെ നേരിടുന്നു. സര്‍ക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്നും കെസിബിസി കുറ്റപ്പെടുത്തി.

കണ്ണൂര്‍ ചാലയിലും കെ റെയില്‍ സമരം നടക്കുകയാണ്. കെ റെയില്‍ കുറ്റിയുമായി വന്ന വാഹനം സമരക്കാര്‍ തടഞ്ഞു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പൊലീസ് സംരക്ഷണത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കുറ്റികള്‍ സമരക്കാര്‍ പിഴുതെറിഞ്ഞു. പൊലീസും ഉദ്യോഗസ്ഥരും നീങ്ങിയതിന് പിന്നാലെയാണ് കുറ്റികള്‍ പിഴുതെറിഞ്ഞത്. പ്രദേശത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

Related News