ലീഗിനെ ക്ഷണിച്ച ഇ.പി ജയരാജന് സി.പി.എം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

  • 22/04/2022

തിരുവനന്തപുരം: സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ വിമര്‍ശിച്ച് സി.പി.എം സെക്രട്ടേറിയേറ്റ്. ഇ.പി. ജയരാജന്റേത് അനവസരത്തിലുള്ള പ്രസ്താവനയാണെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

എന്നാല്‍ താന്‍ ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും യു.ഡി.എഫ് ദുര്‍ബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണെന്നും ലീഗില്ലെങ്കില്‍ ഒരു സീറ്റും ജയിക്കാനാവില്ലെന്ന ഭയമാണ് കോണ്‍ഗ്രസിനെന്നുമാണ് ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നത്.

മുന്നണി വിപുലികരണം എല്‍.ഡി.എഫിന്റെ പദ്ധതിയിലുള്ള കാര്യമാണ്. 50 ശതമാനം വോട്ടുകള്‍ നേടുന്ന മുന്നണിയായി എല്‍.ഡി.എഫിനെ വളര്‍ത്തുകയാണ് ലക്ഷ്യം. ആര്‍.എസ്.പിക്കും ഇക്കാര്യത്തില്‍ പുനര്‍ചിന്തനമാകാമെന്നുമായിരുന്നു ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇ.പി. ജയരാജന്റെ പ്രസ്താവനയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മുന്നണി വിപുലീകരണത്തിന് എല്‍.ഡി.എഫില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും പുതുതായി ചുമതലയേറ്റ ഇ.പി. ജയരാജന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതായിരിക്കുമെന്നും കാനം രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചര്‍ച്ച ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ താനില്ലെന്നും കാനം വ്യക്തമാക്കി.

Related News