ബാഗില്‍ കല്ലുകള്‍; ഓവർടേക്ക് ചെയ്താല്‍ വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിക്കും, പ്രതി പിടിയിൽ

  • 22/04/2022

കണ്ണൂർ: ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഗ്ലാസ് എറിഞ്ഞുതകർക്കുന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. തന്റെ ബൈക്കിന് മുന്നിലേക്ക് എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നുവന്നാല്‍ കല്ലെറിയുന്ന ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിൽ താമസിക്കുന്ന വാഴയിൽ ഹൗസിൽ ഷംസീറിനെയാണ് (47)  കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. 

കഴിഞ്ഞ കുറേ ദിവസമായി താഴെചൊവ്വയിൽ വാഹനങ്ങൾക്കു നേരെ കല്ലെറിയുന്നതായി പരാതികൾ വന്നിരുന്നു. കണ്ണൂര്‍ താഴെചൊവ്വ-കീഴ്ത്തള്ളി ബൈപ്പാസില്‍വെച്ചാണ് ഇയാള്‍ കല്ലേറ് നടത്തിയത്. ബൈക്കിന് മുന്നിലെ ബാഗില്‍ നിറയെ കല്ലുകള്‍ ഷംസീര്‍ സൂക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ഷംസീര്‍ എറിഞ്ഞ് ചില്ലുതകര്‍ത്തത് ആംബുലന്‍സടക്കം ഏഴ് വാഹനങ്ങള്‍. നിരവധി പരാതികള്‍ക്കൊടുവിലാണ് ഇയാള്‍ പിടിയിലായത്.

സി.സി.ടി.വി. അടക്കം പരിശോധിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എതിര്‍ദിശയില്‍നിന്ന് ബൈക്കിന് നേരേ ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് വന്നാല്‍ എറിയും എന്നാണ് ഷംസീര്‍ പോലീസിനോട് പറഞ്ഞത്. മത്സ്യവില്പനക്കാരനാണ് ഇയാള്‍. ഇയാള്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. കണ്ണൂര്‍ എ.കെ.ജി., ചാല മിംസ് ആശുപത്രികളുടെ ആംബുലന്‍സുകള്‍ക്കും കേടുപറ്റി. താണ സ്വദേശിയായ തസ്ലീം സഞ്ചരിച്ച കാറിനുനേരേയും കല്ലേറുണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഇതേ തുടര്‍ന്ന് തസ്ലീം കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സി.സി.ടി.വി. പരിശോധിച്ചു. തുടര്‍ന്ന് ഷംസീര്‍ സഞ്ചരിച്ച ബൈക്ക് തിരിച്ചറിയുകയായിരുന്നു. 



Related News