ശ്രീനിവാസന്‍ വധക്കേസ്: മുന്ന് പേര്‍കൂടി കസ്റ്റഡിയില്‍

  • 23/04/2022

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് എസ്.ഡി.പി.ഐക്കാര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാ മുറിയിലെത്തിയിരുന്നു.

ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. അതേസമയം, കേസില്‍ ഇന്നലെ അറസ്റ്റിലായ ശംഖുവാര തോട് പള്ളി ഇമാം സദ്ദാം ഹുസൈന്‍ ഉള്‍പ്പടെയുള്ള 3 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളില്‍ ഒരാളെ ഒളിപ്പിച്ചതിനാണ് ശംഖുവാരത്തോട് പള്ളി ഇമാം ആയിരുന്ന സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. സുബൈര്‍ വധക്കേസില്‍ റിമാന്റിലുള്ള മൂന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇനിയും പൂര്‍ത്തിയായിട്ടില്ല.

കൊലയാളികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ശംഖുവാരത്തോട് പള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളുടെ മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. സുബൈര്‍ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയില്‍ മോര്‍ച്ചറിക്ക് സമീപത്തെ കബര്‍സ്ഥാനില്‍ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്നാണ് പ്രതികളുടെ മൊഴി. കൊലപാതക ഗൂഢാലോചന നടന്നത് ജില്ലാശുപത്രിയുടെ പിന്‍വശത്ത് വെച്ചായിരുന്നു. മോര്‍ച്ചറിക്ക് പിന്നിലെ ഖബര്‍സ്ഥാന്‍ റോഡില്‍ 15 ന് രാത്രി ഒത്തുചേര്‍ന്ന പ്രതികള്‍ സുബൈര്‍ വധത്തിന്റെ പ്രതികാരം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.

അതേസമയം, പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിഷുദിനം കുത്തിയതോട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയില്‍ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Related News