സില്‍വര്‍ലൈന്‍ പ്രതിഷേധത്തിനിടെ സമരക്കാരെ ചവിട്ടിയ പോലീസുകാരനെതിരെ നടപടി

  • 24/04/2022



തിരുവനന്തപുരം കണിയാപുരത്ത് സില്‍വര്‍ലൈന്‍ സര്‍വെ നടപടികള്‍ക്കെതിരെ സമരം ചെയ്തവരെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്ത പൊലീസുകാരനെ സ്ഥലംമാറ്റി. 
മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ഷബീറിനെ റൂറല്‍ എ.ആര്‍. ക്യാംപിലേക്കാണ് മാറ്റിയത്.

ഷബീറിനെതിരെ വകുപ്പ് തല നടപടിയും തുടരും.കഴക്കൂട്ടത്ത് കെ റയിലിന് വേണ്ടി സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിയെ മുഖത്തടിച്ച് ഷബീര്‍ വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് കൂടാതെ ഷബീര്‍ പ്രകോപനം കൂടാതെ ജോയിയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നതാണ്. നിലത്തിട്ട് ചവിട്ടുന്നതിന് മുമ്പ് മുഖത്തടിച്ച് വീഴ്ത്തുന്നത് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയാണ് പൊലീസുകാരന്‍ അതിക്രം കാണിച്ചതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസുകാരനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അതിക്രമം ദൃശ്യങ്ങളില്‍ വ്യക്തമാണ്, ഒരു ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടുണ്ടായിട്ടും വീണ്ടും വകുപ്പ് തല അന്വേഷണത്തിനാണ് റൂറല്‍എസ്പി ഉത്തരവിട്ടത്.വകുപ്പുതല അന്വേഷണത്തിന് ശേഷം തുടര്‍നടപടികളാകാമെന്നാണ് നിര്‍ദ്ദേശം. ഇത് വലിയ വിവാദമായതോടെയാണ് ഇപ്പോള്‍ ഷബീറിനെതിരെ നടപടി വന്നിരിക്കുന്നത്. 

ഉന്നത ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിനും, പൊലീസുകാര്‍ തമ്മിലടിച്ചതിനും ഉള്‍പ്പെടെ നിരവധി പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട് ഉദ്യോഗസ്ഥനാണ് ഷെബീര്‍. ഗാര്‍ഹിക അതിക്രമത്തിനും നടപടി നേരിട്ടുണ്ട്.ഇത്രയധികം വിവാദങ്ങളുണ്ടായിട്ടും ജോലിയില്‍ മാറി നില്‍ക്കാന്‍ പോലും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചില്ലെന്നതാണ് വിവാദമായത്. ഇന്നും മംഗപുരം സ്റ്റേഷനില്‍ ഷബീര്‍ ജോലിക്കെത്തി.

വീണ്ടും അതിക്രമം നടത്തിയെന്ന് വ്യക്തമായിട്ടും പൊലീസുകാരനെ സംരക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുമേല്‍ ആരുടെയോ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. പൊലീസ് സംഘടനയും ഷബീറിനെ സംരക്ഷിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.

Related News