ജൂണ്‍ ഒന്നോട് കൂടി സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുമെന്ന് സൂചന

  • 21/05/2020

കുവൈത്ത് സിറ്റി: ജൂണ്‍ ഒന്നോട് കൂടി സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുമെന്ന് സൂചന . സ്ഥാപനങ്ങള്‍ തുറക്കുവാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുവാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ജോലിയിടങ്ങളില്‍ കര്‍ശനമായ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജീവനക്കാര്‍ക്കും സന്ദർശകര്‍ക്കും മാസ്കുകളും കയ്യുറകളും നിര്‍ബന്ധമാക്കും. ഓഫീസുകളുടെ പ്രവേശന കവാടങ്ങളിൽ താപ പരിശോധന നടത്തുവാനുള്ള ക്രമീകരണങ്ങളും തയ്യാറക്കണമെന്നും നിര്‍ദ്ദേശമുണ്ട്. രാജ്യത്തെ മിക്ക സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. സർക്കാർ ഏജൻസികളുടെ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ,കുവൈറ്റ് മുനിസിപ്പാലിറ്റി, സിവിൽ സർവീസ് കമ്മീഷൻ,ആരോഗ്യ മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം, സാമൂഹിക കാര്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഇലക്ട്രോണിക് സേവനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഓഫീസികളിലെ സമ്പർക്കം ഒഴിവാക്കുന്നതിനും അണുബാധ പടരുന്നതിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിനും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓഫീസുകളില്‍ ഫിംഗർപ്രിന്റ് ഹാജർ സംവിധാനം താൽക്കാലികമായി നിർത്തി വെക്കും. ഫേസ് ഡിറ്റക്ഷന്‍ പോലുള്ള നൂതനമായ സൌകര്യം ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു. സർക്കാർ ഏജൻസികളുടെ ഓഫീസുകൾ സന്ദർശിക്കുന്നത് മുൻ‌കൂട്ടി ഇലക്ട്രോണിക് അപ്പോയിന്റ്മെമെന്‍റ് നിര്‍ബന്ധമാക്കും.അതോടപ്പം സ്വദേശികളുടെയും വിദേശികളുടെയും ഇടപാടുകള്‍ക്കായി രാവിലെയും വൈകുന്നേരവും ഷിഫ്റ്റ് സംവിധാനവും പരിഗണിക്കുന്നുണ്ട്. കൊറോണ പ്രതിസന്ധി നീണ്ട് പോവുകയാണെങ്കില്‍ ഓഗസ്റ്റ് മുതൽ കുവൈറ്റ് സർവകലാശാല അടക്കമുള്ള രാജ്യത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദൂര വിദ്യാഭ്യാസത്തിലേക്ക് മാറുവാനും സാധ്യതയുണ്ട്. വിദൂരവിദ്യാഭ്യാസത്തിനുള്ള പദ്ധതികളും അധ്യാപക ജീവനക്കാര്‍ക്ക് ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ആവശ്യമായ പരിശീലന പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ഇ ഗവേര്‍ണസിന്‍റെ ഭാഗമായി വാട്ട്സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ സൌകര്യങ്ങളും ഉപയോഗിക്കുവാന്‍ ആലോചനയുണ്ട്.

Related News