കുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

  • 30/05/2022

തിരുവനന്തപുരം: കൈവിരലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയയ്ക്കായി 36 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നതായുള്ള പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.

അനസ്തീഷ്യ, ഓര്‍ത്തോ, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് പരാതി. അസം സ്വദേശികളുടെ മകള്‍ക്കാണ് അപകടം സംഭവിച്ചത്. ജനറല്‍ ആശുപത്രിയില്‍ നിന്നാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ പരിക്ക് ഗുരുതരമില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പിറ്റേന്ന് അനസ്തീഷ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്ലാസ്റ്റിക് സര്‍ജന്‍ ജോലിക്ക് വന്നില്ല. പകരം ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് തയ്യാറായതുമില്ല. ഭക്ഷണം പോലും കഴിക്കാനാകാതെ കുഞ്ഞിനെ നരഗിപ്പിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജില്‍ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷം കമ്മിഷന്‍ മേല്‍ നടപടികളിലേക്ക് പ്രവേശിക്കും.

Related News