ഉയര്‍ന്ന പോളിങ്ങിന്റെ ആത്മവിശ്വാസത്തില്‍ മുന്നണികള്‍; തൃക്കാക്കരയിലെ ഫലം വെള്ളിയാഴ്ച

  • 31/05/2022

കൊച്ചി: തൃക്കാക്കരയിലെ ഉയര്‍ന്ന പോളിംഗ് നിരക്ക് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തില്‍ മുന്നണികള്‍. കണക്കുകൂട്ടലിന്റെ മണിക്കൂറുകള്‍ക്ക് ശേഷം വെള്ളിയാഴ്ച ഔദ്യോഗിക ഫല പ്രഖ്യാപനം വരുന്നതോടെ ഇത് ആര്‍ക്കാണ് അനുകൂലമായതെന്ന് വ്യക്തമാകും.

 മുന്നണികളുടെ കണക്ക് മറികടന്നുള്ള പോളിങാണ് തൃക്കാക്കരയില്‍ നടന്നത്.കൊച്ചി കോര്‍പറേഷന് കീഴിലെ വാര്‍ഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും രാവിലെ മുതല്‍ മികച്ച പോളിങ് നടന്നു. ഇവിടെ ഉച്ചയ്ക്ക് ശേഷം പോളിങ് പെട്ടെന്ന് മന്ദഗതിയിലായത് പോളിങ് ശതമാനത്തെ നേരിയ തോതില്‍ ബാധിച്ചു. എങ്കിലും ഇക്കുറി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പോളിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

പ്രശ്‌നങ്ങളില്ലാതെയാണ് തൃക്കാക്കരയില്‍ പോളിങ് അവസാനിച്ചത്. കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശിയെ പൊന്നുരുന്നിയില്‍ പൊലീസ് പിടികൂടിയതൊഴിച്ചാല്‍ കാര്യമായ യാതൊരു അനിഷ്ട സംഭവങ്ങളും വോട്ടിങിന്റെ ഒരു ഘട്ടത്തിലും ഉണ്ടായില്ല.ഫലം ആര്‍ക്ക് അനുകൂലമായാലും കേരളത്തില്‍ അതൊരു ഭരണമാറ്റത്തിന് കാരണമാകില്ലെങ്കിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തരത്തിലേക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മാറിയിരുന്നു. രാഷ്ട്രീയ പോരാട്ടം കനത്ത ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിന്റെ പ്രതിഫലനമായി വോട്ടെടുപ്പും മാറി. 

ആവേശത്തോടെയാണ് പോളിങിനോട് വോട്ടര്‍മാര്‍ പ്രതികരിച്ചത്.2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ ഇക്കുറി പോളിങ് ഉയര്‍ന്നിട്ടുണ്ട്. അതേസമയം കൃത്യമായ കണക്ക് വന്നിട്ടില്ല. ആദ്യ കണക്കുകള്‍ പ്രകാരം ഇന്ന് വൈകീട്ട് അഞ്ച് മണി വരെ 66.78 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മുന്നണികളുടെ ശക്തമായ പ്രചാരണത്തോട് വോട്ടര്‍മാര്‍ ശക്തമായി പ്രതികരിച്ചു. മഴ മാറി നിന്നതും പോളിങ് ഉയരാന്‍ കാരണമായി.ആദ്യ മണിക്കൂര്‍ മുതല്‍ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. 

പൊന്നുരുന്നിയിലെ സ്‌കൂളില്‍ കള്ളവോട്ടിന് ശ്രമിച്ച പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത് തെരഞ്ഞെടുപ്പ് ദിവസത്തിന്റെ നിറംകെടുത്തി. രണ്ടു ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തുടക്കത്തില്‍ തകരാറിലായതൊഴിച്ചാല്‍ പോളിങ് സുഗമമായി നടന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ 70.39 ശതമാനമായിരുന്നു പോളിങ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 76.05 ശതമാനമായിരുന്നു പോളിങ്. 2016 ല്‍ 74.71 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. 2014 ല്‍ 71.22 ശതമാനമായിരുന്നു പോളിങ്. 2011 നിയമസഭാ തെരഞ്ഞെടുപ്പിലും 73.76 ശതമാനമായിരുന്നു പോളിങ്. 2009 ലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്, 70 ശതമാനം.

Related News