വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും

  • 01/06/2022

കൊച്ചി: ഒമ്പതര മണിക്കൂറോളം നീണ്ട് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം നടന്‍ വിജയ് ബാബുവിനെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും. രാവിലെ 9 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് വിജയ് ബാബുവിന് നല്‍കിയ നിര്‍ദ്ദേശം. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വിജയ് ബാബു കൊച്ചിയില്‍ മടങ്ങിയെത്തിയത്. 

വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുകയായിരുന്നു. ഒന്‍പതര മണിക്കൂറാണ് അന്വേഷണ സംഘം നടനെ ചോദ്യം ചെയ്തത്.കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് 39 ദിവസത്തിന് ശേഷം വിജയ് ബാബു തിരികെയെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് വിജയ് ബാബു ആദ്യം പോയത് ക്ഷേത്രത്തിലേക്കായിരുന്നു. ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദര്‍ശനം നടത്തിയത്. തുടര്‍ന്നാണ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്ന് വിജയ് ബാബു പൊലീസിന് മൊഴി നല്‍കി. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നലെ കാരണം. ഒളിവില്‍ പോകാന്‍ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു.എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു രാവിലെ പതിനൊന്ന് മണിയോടെ ഹാജരായത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതടക്കം പൊലീസ് കര്‍ശന നടപടികള്‍ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related News