വേങ്ങര: ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ചശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയിൽ. വേങ്ങര പോലീസാണ് ഇവരെ പിടികൂടിയത്. പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്മാന്‍ (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23), താട്ടയില്‍ നാസിം (21) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍നിന്ന് ബ്രോസ്റ്റഡ് ചിക്കനാണ് നാലംഗസംഘം കഴിച്ചത്. കഴിച്ചു കഴിഞ്ഞ് അവസാന കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് ഇവർ ആരോപിച്ചു. പിന്നാലെ ഉടമയുടെ നമ്പറുമായി ഹോട്ടലില്‍നിന്ന് മടങ്ങിയ സംഘം പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ വേണമെന്ന്ഫോണിലൂടെ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.വിലപേശലിന് ശേഷം 25,000 രൂപ നല്‍കിയാല്‍ പരാതി നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമയെ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം ഭീഷണി മുഴക്കി. ഈ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് പൂട്ടിച്ചതിന്റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു.കാസർകോട് ഷവർമ കഴിച്ചുണ്ടായ മരണത്തെ തുടർന്ന് സംഭവം വിവാദമാകുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. പ്രസ്തുത സംഭവത്തിൽ കക്ഷികൾ ഒതുക്കി തീർക്കാനെന്ന പേരിൽ ഒന്നരലക്ഷം രൂപയോളം ആവശ്യപ്പെട്ടിരുന്നതായി സ്ഥാപന ഉടമ പറഞ്ഞു. മധ്യസ്ഥർ മുഖേനെ ഇവർ 35,000 രൂപ വാങ്ങിയ ശേഷം പൊലീസിൽ നൽകിയ പരാതി പിൻവലിക്കുകയായിരുന്നു. പരാതി നൽകിയതോടെ വേങ്ങര പൊലീസ് കഴിഞ്ഞ ദിവസം അഞ്ചംഗ സംഘത്തെ പിടികൂടി. ഇവരുടെ ഇടനിലക്കാരനായി പ്രവർത്തിച്ച വ്യക്തി നേരത്തെ വേങ്ങരയിൽ സമാനമായ രീതിയിൽ മറ്റൊരു സ്ഥാപനത്തിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ തകരാറുണ്ടായെന്നും അതോടെ കട അടക്കേണ്ടി വന്നുവെന്നും ഈ അവസ്ഥ വരാതിരിക്കാനാണ് തുക നൽകി ഒതുക്കുന്നതെന്നും പറഞ്ഞതോടെയാണ് സംഭവത്തിന് പിന്നിൽ ബ്ലാക്ക് മെയിൽ സംഘമാണെന്ന് വ്യക്തമായത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?