സില്‍വര്‍ലൈന്‍ ഭൂമിയേറ്റെടുക്കല്‍ പുനരാരംഭിക്കും; പുതിയ പ്രഖ്യാപനങ്ങളുമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

  • 02/06/2022

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കല്‍ തുടങ്ങുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്.  പദ്ധതിയുമായി മുന്നോട്ട് പോകാനായി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതായാണ് ഇടത് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കെഎസ്ആര്‍ടിസിയെ പുനസംഘടിപ്പിക്കാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെഎസ്ആര്‍ടിസിയെ പര്യാപ്തമാക്കും. സ്വയംപര്യാപ്തമാകും വരെ കെഎസ്ആര്‍ടിസിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടക്കും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പാക്കും. ശമ്പള പരിഷ്‌കരണത്തില്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കും. 

തിരുവനന്തപുരം, കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ഛയങ്ങള്‍ കെടിഡിഎഫ് സിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി തിരിച്ചെടുക്കും. കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് പുനസംഘടിപ്പിക്കുമെന്നും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.നിലവില്‍ തുടങ്ങി വെച്ച കിഫ്ബി പദ്ധതികള്‍ മുഴുവന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. വരുമാനത്തില്‍ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. കിഫ്ബിയുടെ തിരിച്ചടവ് സര്‍ക്കാര്‍ ബാധ്യത അല്ലെന്ന് പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.

Related News