തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം; ക്ലസ്റ്ററായി പ്രഖ്യാപിച്ചു

  • 02/06/2022

തൃശ്ശൂര്‍: രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വനിതാ ബറ്റാലിയന്റെയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും പരിശീലനമാണ് ഇവിടെ നടക്കുന്നത്. ഇവരിലെ 30 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അക്കാദമിയെ ക്‌ളസ്റ്ററായി പ്രഖ്യാപിച്ചു. കൊവിഡ് സാഹചര്യത്തില്‍ അക്കാദമിയില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി അക്കാദമി അധികൃതര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും കോവിഡ് രോഗികള്‍ 1000 കടന്നു. ഇന്ന് 1,278 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍ ഉള്ളത്. 407 കേസുകള്‍. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു.ഇന്നലെ 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലായിരുന്നു, 463 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വീണ്ടും കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ, 7 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

Related News