നവവധുവിന്‍റെ മരണം കൊലപാതകം; ശരീരത്തിൽ 16 മുറിവുകൾ, കഴുത്തിന് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചു, ഭർത്താവ് അറസ്റ്റില്‍

  • 02/06/2022

ആലപ്പുഴ: ചേർത്തലയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കൊല്ലം സ്വദേശിനി ഹെന (42) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചേർത്തല കൊക്കോതമംഗലംഅനന്തപുരിയിൽ അപ്പുക്കുട്ടൻ (50) അറസ്റ്റിലായി. ആറുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. 

മേയ് 26നാണ് ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ ഹെനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നായിരുന്നു ഭര്‍തൃവീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്‍മോർട്ടം നടത്തിയ ഡോക്ടർ കൊലപാതകമെന്ന സംശയം ഉന്നയിച്ചു. തുടർന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.

ബൈപോളർ ഡിസ്ഓർഡർ രോഗിയായിരുന്നു ഹെന. ഇതറിഞ്ഞു കൊണ്ടാണ് ഹെനയെ അപ്പുക്കുട്ടൻ വിവാഹം ചെയ്തത്. വിവാഹ സമയത്ത് 75 പവൻ നൽകിയിരുന്നു. രണ്ടാഴ്ച മുമ്പ് 7 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട അപ്പുക്കുട്ടൻ കിട്ടാതെ വന്നതോടെ ഭാര്യയെ നിരന്തരം മർദ്ദിക്കുകയായിരുന്നു. 

ഹെന നേരിട്ടത് ക്രൂരമായി പീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി. ഹെനയുടെ ശരീരത്തിൽ 16 മുറിവുകൾ ഉള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പല മുറിവുകൾക്കും ദിവസങ്ങൾ പഴക്കമുണ്ട്. തലക്കുള്ളിൽ 14 മുറിവുകളുണ്ട്. മരണദിവസം കഴുത്തിന് കുത്തിപ്പിടിച്ച്  ഭർത്താവ് അപ്പുക്കുട്ടൻ തല ഭിത്തിയിലിടിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഹെന മരിച്ചു. ഈ സമയം ഭർത്താവിന്റെ ബന്ധുവും ഭാര്യയും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

 

Related News