മദ്യപിച്ച് പാടിയ പാട്ടിനെച്ചൊല്ലി തര്‍ക്കം; ഇരട്ടക്കൊലക്കേസ് പ്രതിയെ കൊന്നത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച്

  • 02/06/2022

തിരുവനന്തപുരം: വഴയില ആറാം കല്ലിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് മദ്യപിച്ച് പാടിയ പാട്ടിനെച്ചൊല്ലിയുള്ള ത‍ർക്കത്തിനൊടുവിലെന്ന് പോലീസ്. വഴയില സ്വദേശി മണിച്ചൻ എന്ന് വിളിക്കുന്ന വിഷ്ണുരൂപാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്‍റെ സുഹൃത്ത് ഹരികുമാർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. പ്രതികള്‍ക്ക് മണിച്ചനോട് മുന്‍വൈരാഗ്യമുണ്ടെന്നും പോലീസ് പറയുന്നു. അരുവിക്കര പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. 

ഇവർക്കൊപ്പമിരുന്ന് മദ്യപിച്ച ദീപക് ലാൽ, അരുൺ ജി രാജ് എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് തന്നെയാണ് പaലീസ് കരുതുന്നത്. സംഘര്‍ഷമുണ്ടാകുമെന്ന് പ്രതികള്‍ നേരത്തെ തന്നെ മുന്‍കൂട്ടി കണ്ടിരുന്നു. ദീപക്‌ വിളിച്ചത് അനുസരിച്ചാണ് അരുണ്‍ വഴയിലയിലെ ലോഡ്ജിലേക്ക് ഒപ്പം പോയത്. 

ആറ് മാസങ്ങള്‍ക്ക് മുന്‍പ് മണിച്ചന്‍ ഒരു തര്‍ക്കവുമായി ബന്ധപ്പെട്ട് അരുണിനെ ആക്രമിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് തീര്‍ക്കാന്‍ കൂടിയാണ് അരുണും ദീപക്കും ലോഡ്ജിലേക്ക് പോയത്. പിന്നീട് ഇവര്‍ ഒരുമിച്ചിരുന്ന മദ്യപിക്കുകയും ഒരു പാട്ട് പാടിയതിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഈ സമയത്താണ് കൈയില്‍ കരുതിയിരുന്ന ആയുധമെടുത്ത് മണിച്ചനേയും ഒപ്പമുണ്ടായിരുന്ന ഹരികുമാറിനേയും പ്രതികള്‍ ആക്രമിച്ചത്. 

ചികിത്സയുമായി ബന്ധപ്പെട്ട് ഹരികുമാറാണ് ലോഡ്ജില്‍ മുറിയെടുത്തിരുന്നത്. ഇവിടേക്ക് മണിച്ചനെ വിളിച്ചുവരുത്തിയത് ഹരിയാണ്. പിന്നീട് ഇരുവരും ചേര്‍ന്നാണ് അരുണിനേയും ദീപക്കിനേയും വിളിച്ചുവരുത്തിയത്. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മണിച്ചന്‍.  

Related News