എല്ലാ പള്ളികള്‍ക്കടിയിലും ശിവലിംഗം തേടുന്നത് ശരിയല്ലെന്ന് ആര്‍.എസ്.എസ്

  • 02/06/2022

വാരാണസി: ഗ്യാന്‍വാപി പള്ളി പ്രശ്‌നം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവത്. എല്ലാ പള്ളികള്‍ക്ക് അടിയിലും ശിവലിംഗം തേടിപ്പോകുന്ന പ്രവണത ശരിയല്ല. രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി പ്രക്ഷോഭങ്ങളില്ലെന്നും മോഹന്‍ ഭാഗവത്.

നാഗ്പൂരില്‍ നടന്ന യോഗത്തിനിടെയായിരുന്നു മോഹന്‍ ഭഗവത് വിഷയത്തില്‍ പറഞ്ഞത്.

'ആരേയും തോല്‍പ്പിക്കാനല്ല. എല്ലാവരേയും ഒന്നിപ്പിക്കാനാണ് ഇന്ത്യ നിലനില്‍ക്കുന്നത്. എല്ലാവരേയും ബന്ധിപ്പിക്കണം. വിജയിക്കാനല്ല, എല്ലാവരെയും ഒന്നിപ്പിക്കാനാണ് സംഘം പ്രവര്‍ത്തിക്കുന്നത്.

ചരിത്രം ഇന്നത്തെ മുസ്ലിങ്ങളോ ഹിന്ദുക്കളോ നിര്‍മ്മിച്ചതല്ല. ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നില്ല. ഇന്നത്തെ മുസ്ലീങ്ങളുടെ പൂര്‍വ്വികരും ഹിന്ദുക്കളായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ ആരാധനാലയങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ഹിന്ദുക്കള്‍ കരുതുന്നത്. മനസ്സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പുറത്തുവരും. അത് ആര്‍ക്കും എതിരല്ല. മുസ്ലീങ്ങള്‍ അങ്ങനെ വിശ്വസിക്കരുത്, ഹിന്ദുക്കളും അങ്ങനെ ചെയ്യരുത്.

ഇത്തരം വിഷയങ്ങളില്‍ ഇരുകൂട്ടരും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമാണ് എടുക്കേണ്ടത്. കോടതി വിധി എന്താണോ അത് അംഗീകരിക്കണം അതിനെ ചോദ്യം ചെയ്യരുത്. ചില സ്ഥലങ്ങളോട് പവിത്രത തോന്നിയേക്കാം. പക്ഷേ ദിവസവും അതിനെചൊല്ലി പുതിയ കാരണങ്ങളുമായി വരരുത്. എന്തിനാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നത്,' മോഹന്‍ ഭഗവത് പറഞ്ഞു.

Related News