ചരിത്ര വിജയം.....; ഹൃദയപക്ഷത്ത് ഉമ തോമസ് തന്നെ

  • 03/06/2022

കൊച്ചി/ തൃക്കാക്കര: വീറും വാശിയും നിറഞ്ഞ മത്സരം പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് തൃക്കാക്കരയില്‍ ഉമ തോമസിന്റെ ഏകപക്ഷമായ തേരോട്ടം. അഞ്ചാം റൗണ്ടില്‍ത്തന്നെ ലീഡ്  അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടില്‍ പി.ടി. തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു.പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 72770 വോട്ടുകള്‍ നേടിയാണ് പി ടി തോമസിന്റെ പിന്‍ഗാമിയായി മത്സരിച്ച ഉമ തോമസിന്റെ മിന്നുംവിജയം. 

25,016 വോട്ടുകളുടെ, അതായത് കാല്‍ലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് 47754 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.

പതിനൊന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ത്തന്നെ ഉമ തോമസിന്റെ ഭൂരിപക്ഷം കാല്‍ലക്ഷം കടന്നിരുന്നു. ഇരുപതില്‍ത്താഴെ ബൂത്തുകളില്‍ മാത്രമാണ് ജോ ജോസഫിന് മുന്‍തൂക്കം കിട്ടിയത്.ഒ. രാജഗോപാലിന് ശേഷം നിയമസഭയില്‍ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ.എന്‍. രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബി.ജെ.പിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.

ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചിരുന്നു. ഭൂരിപക്ഷം എത്രയായിരിക്കും എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് ലീഡ് നേടാനായില്ല.

ആകെയുള്ള 10 പോസ്റ്റല്‍ വോട്ടുകളില്‍ ഉമാ തോമസിന് മൂന്നും എല്‍.ഡി.എഫിനും ബി.ജെ.പിക്കും രണ്ട് വീതം വോട്ടും ലഭിച്ചു. മൂന്നെണ്ണം അസാധുവായി. 21 ബൂത്തുകളുള്ള ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസിന് 2249 വോട്ടിന്റെ ലീഡ്. ഇത്രയും ബൂത്തുകളില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് ലഭിച്ചതിന്റെ ഇരട്ടി വോട്ട്. അപ്പോഴേക്കും വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജിന് പുറത്തും ഡിസിസി ഓഫീസിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.

Related News