പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല; കെ. റെയിലുമായി മുന്നോട്ടുപോകുമെന്നും കോടിയേരി

  • 03/06/2022

കൊച്ചി:  ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷവിരുദ്ധ ശക്തികളെ യുഡിഎഫ് യോജിപ്പിച്ചതാണ് ഭൂരിപക്ഷം കൂടാനിടയായത്. ബി.ജെ.പി വോട്ടിലെ കുറവും ട്വന്റി 20 മല്‍സരിക്കാത്തതും യുഡിഎഫിന് ഗുണമായി. തിരഞ്ഞെടുപ്പ് വരും പോകും. ഒന്ന് തോറ്റെന്ന് കരുതി എല്ലാം പോയി എന്ന് കരുതാറില്ല. പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തത് പരിശോധിച്ച് തിരുത്തല്‍ വരുത്തും.

തൃക്കാക്കര തിരഞ്ഞെടുപ്പ് സില്‍വര്‍ലൈന്‍ ഹിതപരിശോധന ആയിരുന്നില്ല. ബന്ധപ്പെട്ട അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകും. പി.സി.ജോര്‍ജിന്റെ നിലപാട് എല്‍.ഡി.എഫിനെ ബാധിച്ചിട്ടില്ല. ജോര്‍ജിന്റെ നിലപാട് ബാധിച്ചോ എന്ന് പരിശോധിക്കേണ്ടത് ബി.ജെ.പിയാണ്.

യു.ഡി.എഫിന്റെ ശക്തമായ കോട്ടയാണ് തൃക്കാക്കര. ബി.ജെ.പിയുടെ വോട്ടില്‍ വന്നിട്ടുള്ള കുറവും ട്വന്റി 20 പോലുള്ള സംഘടനകള്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതും യു.ഡി.എഫിന് ഗുണമായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ട് ഇത്തവണ കുറഞ്ഞു. 2016-ലെ തിരഞ്ഞെടുപ്പ് തൊട്ട് ബി.ജെ.പിയുടെ വോട്ടില്‍ ക്രമാനുഗതമായ ഒരുകുറവ് വരുന്നുണ്ട്. ആ വോട്ട് യു.ഡി.എഫിന് അനുകൂലമായാണ് മാറുന്നത്. ട്വന്റി 20-ക്ക് ഇത്തവണ സ്ഥാനാര്‍ഥിയില്ലാതിരുന്നതും യു.ഡി.എഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനിടയാക്കി.

കെ-റെയില്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടി നടത്തിയ തിരഞ്ഞെടുപ്പല്ല ഇതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് നിര്‍ദേശം ഉണ്ടായിരുന്നത്. ആ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 99 സീറ്റ് ലഭിച്ചിട്ടുണ്ട്. കെ-റെയിലുമായി ബന്ധപ്പെട്ടുള്ള ഹിതപരിശോധന ഒരു മണ്ഡലത്തില്‍ മാത്രം നടത്തേണ്ടതല്ല. അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകും.

Related News