പയ്യന്നൂരിലെ ഫണ്ട് തിരിമറി; ടി.ഐ മധുസൂധനന്‍ എം.എല്‍.എ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ സി.പി.എം നടപടിയിലേക്ക്

  • 04/06/2022

കണ്ണൂര്‍: സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണത്തില്‍ ടി.ഐ മധുസൂധനന്‍ എംഎല്‍എ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സിപിഎം. അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് പാര്‍ട്ടിയുടെ നോട്ടീസ്. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ ചര്‍ച്ചയില്ലാതെ ഒതുക്കിവച്ച പയ്യന്നൂര്‍ ഫണ്ട് തിരിമറി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സപിഎം നടപടിയിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തു. അച്ചടക്ക നടപടിയിലേക്ക് കടന്ന് പാര്‍ട്ടിയുടെ പ്രതിച്ഛായ കളയാതെ പ്രശ്‌നം ഒത്തുതീര്‍ക്കണമെന്ന നിര്‍ദ്ദേശം ഇ.പി.ജയരാജന്‍ മുന്നോട്ടുവച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. 

ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ശന നടപടി വേണമെന്ന് പയ്യന്നൂരില്‍ നിന്നുള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാട് എടുത്തതോടെയാണ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. പയ്യന്നൂര്‍ എംഎല്‍എ, ടിഐ മധുസൂധനന്‍, ഏരിയ കമ്മറ്റി അംഗങ്ങളായ ടി.വിശ്വനാഥന്‍, കെ.കെ.ഗംഗാധരന്‍, ഓഫീസ് സെക്രട്ടറി കരിവെള്ളൂര്‍ കരുണാകരന്‍, മുന്‍ ഏരിയ സെക്രട്ടറി കെ.പി.മധു തുടങ്ങിയവരാണ് വിശദീകരണം നല്‍കേണ്ടത്. നോട്ടീസ് കൈപ്പറ്റിയവരില്‍ നിന്നും മറുപടി വാങ്ങിയശേഷം 12 ന് ചേരുന്ന ജില്ലാ കമ്മറ്റിയില്‍ അച്ചടക്കലംഘനത്തിന് നടപടി ഉണ്ടാകുമെന്നാണ് വിവരം.

2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയര്‍ന്ന ആരോപണം. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയില്‍ ഏരിയാ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, പി.വി.ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ആരോപണം നേരിടുന്ന നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പയ്യന്നൂരെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇത് രണ്ടാം തവണയാണ് കോടിയേരിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്.



Related News