തൃക്കാക്കര തെരഞ്ഞെടുപ്പ് പുകയുന്നു; ഡൊമിനിക് പ്രസന്റേഷനെതിരെ കെ.പി.സി.സിക്ക് പരാതി നല്‍കി ജനറല്‍ സെക്രട്ടറി

  • 04/06/2022

കൊച്ചി: എറണാകുളത്തെ മുതിര്‍ന്ന നേതാവ് ഡൊമിനിക് പ്രസന്റേഷനെതിരെ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി രംഗത്ത്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായാണ് യുഡിഎഫ് ജില്ലാ ചെയര്‍മാനായ ഡൊമിനിക് പ്രസന്റേഷന്‍ പ്രവര്‍ത്തിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ് ആരോപിച്ചു.

ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് പാര്‍ട്ടിക്കും മുന്നണിക്കുമെതിരായി പ്രവര്‍ത്തിച്ച ഡൊമിനിക് പ്രസന്റേഷന്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഡൊമിനിക് പ്രസന്റേഷന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ വന്നതോടെ അസൂയയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതിന്റെ എല്ലാ അസ്വസ്ഥതകളും ഡൊമിനിക് പ്രസന്റേഷനുണ്ടായിരുന്നുവെന്നും സ്വാര്‍ത്ഥ താത്പര്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും അബ്ദുള്‍ ലത്തീഫ് ആരോപിച്ചു.

ഉമാ തോമസിനായി കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും സജീവമായി രംഗത്ത് ഇറങ്ങിയിരുന്നു. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ ഉമയ്ക്ക് വേണ്ടി വോട്ടുകള്‍ തേടി ഫ്‌ലാറ്റുകളും വീടുകയും കയറിയിറങ്ങി. കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കുമ്പോള്‍ ആണ് ആത്മവീര്യം തളര്‍ത്തുന്ന തരത്തില്‍ ഡൊമിനിക് പ്രസന്റേഷന്‍ പ്രസ്താവനകളിറക്കിയത്. മണ്ഡലത്തില്‍ സഹതാപതരംഗം ഇല്ലെന്നടക്കം പല മോശം പ്രസ്താവനകളും അദ്ദേഹത്തില്‍ നിന്നുമുണ്ടായി. തൃക്കാക്കരയില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിരുന്നു. ഇക്കാര്യം തങ്ങളോടെല്ലാം തുറന്നു പറയുകയും ചെയ്തിരുന്നു.ഡൊമനിക് പ്രസന്റേഷനെ ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റിന് കത്ത് നല്‍കിയെന്നും അബ്ദുള്‍ ലത്തീഫ് വ്യക്തമാക്കി. മുത്തലിബിന്റെ ആരോപണത്തോട് പിന്നീട് പ്രതികരിക്കുമെന്ന് ഡൊമിനിക് പ്രസന്റേഷന്‍ വ്യക്തമാക്കി.

Related News