വി. മുരളീധരന്‍ സംസ്ഥാനത്തെ ബി.ജെ.പിയുടെ ശാപമെന്ന് യുവമോര്‍ച്ചാ നേതാവ്

  • 04/06/2022

തൃശൂര്‍: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ രൂക്ഷമായ വിമര്‍ശനവുമായി യുവമോര്‍ച്ച നേതാവ്. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസാണ് ട്വിറ്ററിലൂടെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

കുമ്മനം മുതല്‍ ജേക്കബ് തോമസ് വരെയുള്ളവരുടെ തോല്‍വിക്ക് കാരണം മുരളീധരനാണെന്നും, അദ്ദേഹം കേരള ബി.ജെ.പിയുടെ ശാപമാണെന്നും പ്രസീദ് ദാസ് പറഞ്ഞു.  മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും യുവ മോര്‍ച്ചാ നേതാവ് ആവശ്യപ്പെട്ടു.

ട്വീറ്റ് വിവാദമായതിന് പിന്നാലെ യുവമോര്‍ച്ച നേതാവിനെതിരെ നടപടിയെടുക്കുമെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. ഇതോടെ പ്രസീദ് ദാസ് ട്വീറ്റ് നീക്കം ചെയ്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കില്‍ കെട്ടിവച്ച കാശ് നഷ്ടമാകും.



തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് പോസ്റ്റല്‍ വോട്ടടക്കം 1,35,349 വോട്ടുകളാണ് തൃക്കാക്കരയില്‍ ആകെ പോള്‍ ചെയ്തത്. ഇതിന്റെ ആറിലൊന്നായ 22,551 വോട്ടുകള്‍ നേടിയെങ്കില്‍ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. എന്നാല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

Related News