ആലുവ മേൽപാലത്തിൽ രണ്ടു മക്കളെ പെരിയാറിലേക്ക് എറിഞ്ഞ ശേഷം പിതാവും ചാടി

  • 04/06/2022

ആലുവ: ആലുവ മേൽപാലത്തിൽ മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ചാടി. ആലുവ മണപ്പുറം പാലത്തിൽ നിന്നാണ് അച്ഛൻ മക്കളെ പുഴയിലേക്ക് എറിഞ്ഞത്. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനാണ് ഇതെന്ന് തിരിച്ചറിഞ്ഞു. ഉല്ലാസിന്റെ മക്കളായ കൃഷ്ണപ്രിയയും ഏകനാഥിനെയും രക്ഷിച്ചിരുന്നെങ്കിലും ഇവർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

കൃഷ്ണപ്രിയ പ്ലസ് വൺ വിദ്യാർത്ഥിയും ഏകനാഥ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഇവരിൽ നിന്ന് കിട്ടിയ ഫോണിൽ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് മരിച്ചവരെ കുറിച്ചുള്ള നിർണായക വിവരം പോലീസിന് കിട്ടിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമെന്നായിരുന്നു പോലീസിന് സ്ഥലത്ത് നിന്ന് കിട്ടിയ പ്രാഥമിക വിവരം. 

ആലുവ മണപ്പുറം പാലത്തിൽ സംഭവം കണ്ടവർ ഉടൻ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മക്കളെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി ജില്ലാ ആശുപത്രിയിലും ആൺകുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിച്ചു. ഏറെ വൈകിയാണ് ഉല്ലാസിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.

ഇന്ന് വൈകീട്ട് ആലുവ ഭാഗത്ത് നിന്ന് മണപ്പുറം ഭാഗത്തേക്ക് നടന്നെത്തിയതാണ് മൂവരും. പാലത്തിന് മുകളിൽ വെച്ച് ആദ്യം ഏകനാഥിനെ ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടു. പിന്നാലെ സ്ഥലത്ത് നിന്ന് കരഞ്ഞ് കൊണ്ട് കുതറി ഓടാൻ ശ്രമിച്ച കൃഷ്ണപ്രിയയെ അച്ഛൻ ഉല്ലാസ് ഹരിഹരൻ പിടിച്ചു. പിന്നീട് കൃഷ്ണപ്രിയയെ ചേർത്ത് പിടിച്ചാണ് ഉല്ലാസ് ഹരിഹരൻ പുഴയിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.  

Related News