യുവാവിന്റെ ദാരുണ മരണം; പൊതുമരാമത്ത് വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

  • 05/06/2022

കൊച്ചി: തൃപ്പൂണിത്തുറയിലെ പാലം അപകടത്തില്‍ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ തിരുത്തണം. അത് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ തലോടല്‍ നടപടി സാധ്യമല്ലെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.

കൂടാതെ തൃപ്പൂണിത്തുറയിലെ പാലം അപകടത്തില്‍ കരാറുകാര്‍ക്കെതിരെ കേസെടുത്തു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിര്‍മ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡില്‍ അപകട സൂചന ബോര്‍ഡുകള്‍ ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിലേക്ക് എത്തിച്ചത്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

മാര്‍ക്കറ്റ് റോഡില്‍ 4 മാസത്തോളമായി പാലം പണി ആരംഭിച്ചിട്ട്. ഇന്നലെ പുലര്‍ച്ചെയാണ് പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലര്‍ച്ചെ ബൈക്കില്‍ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡില്‍ അപകട സൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാലം പണി നടക്കുന്ന സ്ഥലങ്ങളില്‍ കൃത്യമായ അപകട സൂചനകള്‍ നല്‍കേണ്ടിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി നാളെ പി ഡബ്യൂ ഡി ഓഫീസ് ഉപരോധിക്കും.

Related News