ഒരു മാസത്തെ പ്രചാരണം കൊണ്ട് തൃക്കാക്കരയിലെ കോണ്‍ഗ്രസ് കുത്തക അവസാനിപ്പിക്കാനാകില്ലെന്ന് എസ്.ആര്‍.പി

  • 05/06/2022

തിരുവനന്തപുരം: തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണെന്നും ഒരുമാസത്തെ പ്രചാരണം കൊണ്ട് അതില്‍ മാറ്റം വരുത്താനാകില്ലെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കുറച്ചുകൂടി വോട്ട് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി 20യുടെ പതിനായിരത്തോളം വോട്ടുകളും ബി.ജെ.പിയുടെ വോട്ടുകളും കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ആ നിലയില്‍ കഴിഞ്ഞ തവണത്തെ വോട്ടിനോട് ചേര്‍ത്ത് നോക്കിയാല്‍ ഇന്നത്തെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ കെ റെയില്‍ തിരിച്ചടിയായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ പരാജയത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം പി.ബി അംഗം എം.എ. ബേബിയും രംഗത്തെത്തിയിരുന്നു.

തോല്‍വിയില്‍ നിന്ന് ഇടതുമുന്നണി പാഠം പഠിക്കണമെങ്കില്‍ പഠിക്കുമെന്നും തോല്‍വി പരിശോധിക്കുമെന്നും എം.എ. ബേബി പറഞ്ഞു. തൃക്കാക്കരയില്‍ നടന്നത് അപ്രതീക്ഷിതമായ പരാജയമാണ്. കണക്കുകൂട്ടലുകള്‍ തെറ്റി. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവിക നടപടിയാണ്. സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞുവെന്ന രീതിയില്‍ വ്യാഖ്യാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

Related News