സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി; കൊല്ലം സ്വദേശിനിയില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍

  • 05/06/2022

കൊല്ലം: സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി കൊല്ലം സ്വദേശിനിയില്‍ നിന്ന് ഓണ്‍ലൈനായി 60 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയില്‍. ഉത്തംനഗറില്‍ താമസിക്കുന്ന മിസോറം ഐസ്വാള്‍ സ്വദേശി ലാല്‍റാം ചൗന(26)യാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ പിടിയിലായ മിസോറം സ്വദേശിയെ ഞായറാഴ്ച കൊല്ലത്തെത്തിക്കും.

ആറുമാസംമുമ്പാണ് കൊല്ലം നഗരത്തില്‍ താമസിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥ തട്ടിപ്പിനിരയായത്. ഇവരുമായി സൗഹൃദം സ്ഥാപിച്ചശേഷം വിദേശത്താണെന്നും നാട്ടിലേക്ക് വരുമ്പോള്‍ വിലപ്പെട്ട സമ്മാനം കൊണ്ടുവരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ദിവസങ്ങള്‍ക്കുശേഷം കസ്റ്റംസ് ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയ ആള്‍ ഫോണില്‍ വിളിച്ച് അവരുടെ പേരില്‍ കോടികള്‍ വിലമതിക്കുന്ന സമ്മാനം എത്തിയതായും ഡ്യൂട്ടിയടച്ചാല്‍ അയച്ചുതരാമെന്നും പറഞ്ഞു.

തുടര്‍ന്നാണ് ഇവര്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയത്. ദിവസങ്ങള്‍ കഴിഞ്ഞും സമ്മാനം ലഭിക്കാഞ്ഞതിനാല്‍ അവര്‍ സൈബര്‍ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി ഡല്‍ഹിയില്‍ ഉള്ളതായി കണ്ടെത്തിയത്.

കൊല്ലം സൈബര്‍ പോലീസ് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹിയില്‍ നിന്ന് ഇയാളെ പിടികൂടിയത്. ഇയാളുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍നിന്നാണ് പലതവണ പണം വന്നതായി കണ്ടെത്തിയത്. ഈ തുക കൊല്ലം സ്വദേശിനിയില്‍നിന്ന് തട്ടിച്ചതാണെന്ന് വ്യക്തമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കൊല്ലത്തെത്തിച്ച് വിശദമായി ചോദ്യംചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.


ഇയാള്‍ക്ക് ചില നൈജീരിയക്കാരുമായി അടുത്ത ബന്ധമുള്ളതിനാല്‍ നൈജീരിയക്കാര്‍ ഉള്‍പ്പെടുന്ന സംഘമാണ് തട്ടിപ്പിനു പിന്നിലെന്ന് പോലീസ് കരുതുന്നു.

Related News