എറണാകുളത്ത് കൂടുതല്‍; സംസ്ഥാനത്ത് ഇന്ന് 1494 കോവിഡ് കേസുകള്‍

  • 06/06/2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1494 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് തന്നെയാണ് ഇന്നും കൂടുതല്‍ കേസുകള്‍. 439 കൊവിഡ് കേസുകളാണ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 230 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.

അതിനിടയില്‍ തമിഴ്‌നാട്ടില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബിഎ 4 നാലുപേര്‍ക്കും ബിഎ 5 എട്ടുപേര്‍ക്കുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 21നും 26നും ഇടയില്‍ ശേഖരിച്ച സാംപിളുകളിലാണ് പുതിയ ഉപ വകഭേദങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ പേര്‍ക്ക് ബാധിച്ചിരിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.രോഗബാധിതരായ 12 പേരും ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ച വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരും. 

സംസ്ഥാനത്തെ പ്രതിദിന രോഗബാധാ നിരക്ക് 100ന് മുകളില്‍ തുടരുകയാണ്. ഇന്നലെ 107 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യന്‍ പറഞ്ഞു.ദേശീയതലത്തിലും കൊവിഡ് വ്യാപനം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകളും പോസിറ്റിവിറ്റി നിരക്കും കൂടി. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 4512 പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമായി. 9 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. കേരളത്തിലും മഹാരാഷ്ട്രയിലും തന്നെയാണ് ഇപ്പോഴും കൂടുതല്‍ രോഗികള്‍ ഉള്ളത്. ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം കൂടി.അതേസമയം മറ്റൊരു തരംഗത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന നിഗമനം ഭൂരിപക്ഷം ആരോഗ്യവിദഗ്ദ്ധരും തള്ളിക്കളയുന്നു. മുന്‍തരംഗങ്ങിലുണ്ടായ പോലെ ദിവസങ്ങള്‍ കൊണ്ട് കൊവിഡ് കേസുകള്‍ ഇരട്ടിയാവുന്ന പ്രവണത ഇക്കുറിയില്ല. നാലാം തരംഗം എന്ന സാധ്യത ഐസിഎംആറും നേരത്തെ തള്ളിയിരുന്നു.

Related News