ക്ഷേത്രം ജീവനക്കാരെ കൊടുവാള്‍ കൊണ്ടുവെട്ടിയ സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

  • 07/06/2022

കണ്ണൂര്‍: കിഴുത്തള്ളി ഉമാ മഹേശ്വരി ക്ഷേത്രത്തില്‍ ക്ഷേത്രം ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രം ഓഫീസില്‍ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാള്‍ കൊണ്ട് വെട്ടിയത്. തടയാന്‍ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി മിനി എന്നിവരെയും അക്രമി സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇന്നലെ രാവിലെ വിശ്വാസികള്‍ക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. 

ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ കോടതിയില്‍ കേസും നടക്കുന്നുണ്ട്. ഭരണസമിതിയില്‍ ആര്‍.എസ്.എസുകാരും സി.പി.എമ്മുകാരും ഉണ്ട്. ഇവരില്‍ ആര്‍ക്കാണ് മേധാവിത്വം എന്നതുസംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസത്തെ ആക്രമണമെന്നാണ് വിവരം. 

മര്‍ദ്ദനമേറ്റ ഷിബിന്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കൂടിയാണ്. അതേസമയം, ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ ഭരണം പിടിച്ചടക്കാന്‍ സി.പി.എം. ശ്രമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നും ചില ക്ഷേത്രഭാരവാഹികളും ആരോപിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Related News