സംരക്ഷിത വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍; വയനാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിലേക്ക്

  • 07/06/2022

വനയാട്: സംരക്ഷിത വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ നിയന്ത്രണം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ ജില്ലയില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍.  ജനവാസമേഖലകളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ഈ മാസം 12ന് മനുഷ്യമതില്‍ സംഘടിപ്പിക്കും. കോടതി ഉത്തരവിനെതിരെ ബത്തേരി നഗരസഭ പ്രമേയം പാസാക്കുകയും മുസ്ലീം ലീഗ് ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വനവിസ്തൃതിയിലുള്ള ജില്ലകളിലൊന്നായ വയനാടിന്റെ മണ്ണില്‍ സുപ്രീംകോടതിയുടെ പരിസ്ഥിതി ലോല മേഖല നിയന്ത്രണം ആശങ്ക വിതച്ചു കഴിഞ്ഞു. സംരക്ഷിതവനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തിയാല്‍ ഭൂരിഭാഗം ജനവാസ മേഖലകളും നിയന്ത്രണണങ്ങളുടെ പരിധിയില്‍ വരും. ജനവിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. 

60 ശതമാനം പ്രദേശങ്ങളും ബാധിക്കപ്പെടുന്ന ബത്തേരി നഗരസഭയില്‍ ജൂണ്‍ 12ന് എല്‍ഡിഎഫ് മനുഷ്യമതില്‍ സംഘടിപ്പിച്ച് പ്രക്ഷോഭം തുടങ്ങും.ബത്തേരി നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഉത്തരവിനെതിരെ പ്രമേയം പാസാക്കി. മുസ്ലീം ലീഗ് ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി ഈ മാസം 14ന് നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ നടത്തും. കോണ്‍ഗ്രസും വൈകാതെ സമരത്തിലേക്ക് കടക്കും. നൂല്‍പുഴ, പൂതാടി, നെന്‍മേനി, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളും പ്രതിഷേധത്തിലാണ്. ഒരു വീടു വെക്കാനുള്ള അനുമതി പോലും ഇല്ലെങ്കില്‍ ജനിച്ചുവളര്‍ന്ന ഇടങ്ങളില്‍ നിന്നും പലായനം ചെയ്യേണ്ടി വരുമെന്ന് ജനങ്ങള്‍ പറയുന്നു. കാടിനൊപ്പം നാടും വേണമെന്നാണ് ആവശ്യം.

Related News