പോക്‌സോ കേസ്; കെ.വി ശശികുമാറിന് കൂടുതല്‍ കേസുകളില്‍ ജാമ്യം

  • 08/06/2022

മലപ്പുറം: പോക്‌സോ കേസില്‍ അറസ്റ്റിലായ മലപ്പുറത്തെ മുന്‍ അധ്യാപകന്‍ കെ വി ശശികുമാറിന് കൂടുതല്‍ കേസുകളില്‍ ജാമ്യം ലഭിച്ചു. നാല് കേസുകളിലാണ് പെരിന്തല്‍മണ്ണ കോടതി ജാമ്യം അനുവദിച്ചത്. പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്‌സോ കേസുകളില്‍ മഞ്ചേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും.

മലപ്പുറത്തെ സ്‌കൂളില്‍ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയര്‍ന്നത്. നിരവധി പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് ശശികുമാരിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പോക്‌സോ നിയമം വരുന്നതിന് മുമ്പുണ്ടായ സംഭവം ചൂണ്ടിക്കാട്ടി നല്‍കിയ നാല് പരാതികളില്‍ ഐപിസി 354 വകുപ്പായിരുന്നു പൊലീസ് ചുമത്തിയിരുന്നത്. ഈ കേസുകളിലാണ് ശശികുമാറിനെതിരെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും. 

മുപ്പത് വര്‍ഷത്തോളം അധ്യാപനായിരുന്ന ശശികുമാര്‍ മൂന്ന് തവണ നഗരസഭ കൗണ്‍സിലര്‍ കൂടി ആയിരുന്നു.ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഇതിന് പിന്നാലെ നിരവധി പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ ആരോപണവുമായി രംഗത്തെത്തി. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്.

Related News