കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് 50000 രൂപ കവര്‍ന്നു

  • 08/06/2022

കോഴിക്കോട്: കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചവശനാക്കി 50000 രൂപ കവര്‍ന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയത്. 

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ദൃശ്യത്തില്‍ ഒരാളാണ് ഉള്ളതെങ്കിലും കൂടുതല്‍ പോരുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.  സ്ഥലത്ത് മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം എത്തി പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കറുത്ത മുഖം മൂടിയിട്ട ഒരാളാണ് അര്‍ദ്ധരാത്രിയില്‍ കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യത്തില്‍ കാണാം. ഒടുവില്‍ ജീവനക്കാരന്റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാള്‍ ഓഫീസാകെ പരിശോധിക്കുകയാണ്. ഇതിന് ശേഷം ഇയാള്‍ പമ്പില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

Related News