സ്വപ്‌നയുടെയും സരിത്തിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി

  • 09/06/2022

കൊച്ചി: കെ.ടി ജലീല്‍ എം.എല്‍.എയുടെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. 

'സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ല. പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്'. ഹര്‍ജിയ്ക്ക് പിറകില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ ടി ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.


ഗുരുതരമായ വിഷയമാണെന്ന സ്വപ്നയുടെ അപേക്ഷ അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്. നിലവില്‍ ഈ കേസില്‍ സരിത്ത് പ്രതിയല്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. വാദങ്ങള്‍ അംഗീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. 

കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ നിന്നും പിന്മാറാന്‍ മുഖ്യമന്ത്രിയുടെ ദൂതന്‍ ഷാജ് കിരണ്‍ തന്നെ സമീപിച്ചിരുന്നതായി സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. അഭിഭാഷകരുടെ സമ്മര്‍ദ്ദം മൂലമാണ് രഹസ്യമൊഴി നല്‍കിയതെന്ന് പറയണം. മൊഴിയില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.കേസില്‍ സരിത്തിനെ കൂടി ഉള്‍പ്പെടുത്തുമെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന ആരോപിച്ചു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ട്, ഇത് ദേശീയ ഏജന്‍സികളോട് പറയാതിരിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഹര്‍ജിയിലുണ്ട്.





Related News