'മോനിങ്ങ് കേറിവാ, എന്ത് പ്രശ്നമാണെങ്കിലും പരിഹരിക്കാം'; ആത്മഹത്യ ഭീഷണിയുമായി പാറക്കെട്ടിന് മുകളിൽ പെൺകുട്ടി, അനുനയിപ്പിച്ച് തിരിച്ചിറക്കി പോലീസുകാരന്‍

  • 09/06/2022

അടിമാലി: ആത്മഹത്യ ഭീഷണിയുമായി പാറക്കെട്ടിന് മുകളിലിരുന്ന പെണ്‍കുട്ടിയെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ച പോലീസുകാരന് അഭിനന്ദന പ്രവാഹം. കാമുകൻ കാലുമാറിയതിനെ തുടർന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ഭീഷണി മുഴക്കി പാറയുടെ മുകളിൽ ഇരുന്നത്. 

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അടിമാലി മലമുകളിൽ തലമാലി കുതിരയള ഭാഗത്ത് വലിയ പാറക്കെട്ടിന് മുകൾ ഭാഗത്താണ് പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്. അടിമാലി എസ്.ഐ. സന്തോഷിന്‍റെ നേതൃത്ത്വത്തിലെത്തിയ പോലീസ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. 

രാത്രി 2 മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽനിന്നും കാണാതായത്. വീട്ടുകാരും നാട്ടുകാരും വനമേഖലയിലടക്കം തിരഞ്ഞെങ്കിലും പുലർച്ചെ വരെ കണ്ടെത്തിയില്ല. 7 മണിയോടെ അപകടം പിടിച്ച വലിയ പാറക്കെട്ടിന് മുകളിൽ പെൺകുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ അടുത്ത് ചെല്ലാൻ ശ്രമിച്ചപ്പോള്‍   കൂടുതൽ അപകട മേഖലയിലേക്ക് നീങ്ങി. വിവരമറിഞ്ഞ് പോലീസ് എത്തി. പോലീസ് നടത്തിയ അനുനയ ചർച്ചക്കൊടുവില്‍ പെൺകുട്ടി തിരിച്ച് കയറുകയായിരുന്നു. കാമുകൻ പിൻന്മാറിയതാണ് കാരണം. കുട്ടിയെ സ്നേഹത്തോടെ അനുനയിപ്പിച്ച എസ് ഐയെ അഭിനന്ദിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. 

Related News