മുഖ്യമന്ത്രിക്കെതിരായ നീക്കത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സി.പി.എം

  • 10/06/2022

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരായി നടത്തുന്ന ആരോപണങ്ങളും പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പ്രതിഷേധങ്ങളെയും രാഷ്ട്രീയമായി നേരിടാനൊരുങ്ങി സി.പി.എം. 

ആരോപണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടുള്ള നീക്കമെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. പ്രതിപക്ഷ - ബിജെപി പങ്ക് തുറന്നുകാട്ടാന്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ട് എന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്. അതുകൊണ്ടുതന്നെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പങ്ക് തള്ളിക്കളയുന്നില്ല. ഇത് തുറന്നുകാട്ടിക്കൊണ്ടുള്ള രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്. 

പ്രധാനപ്പെട്ട നേതാക്കള്‍ തന്നെ പങ്കെടുത്തുകൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് വിവരം.സ്വര്‍ണ്ണക്കടത്ത് വിവാദം ആദ്യം ഉണ്ടായതിനേക്കാള്‍ അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിലും സ്വപ്നയുടെ പ്രസ്താവനകളിലും ജനങ്ങള്‍ക്ക് സംശയമുണ്ട്. അതുകൊണ്ടുതന്നെ നിലവിലത്തേത് അനുകൂലമായ സാഹചര്യമാണെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്.

Related News