മധു വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനെ മാറ്റണമെന്ന് കുടുംബം

  • 11/06/2022

മണ്ണാര്‍ക്കാട്: ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിരയായി കൊല്ലപ്പെട്ട കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം വിചാരണക്കോടതിയില്‍ പരാതിനല്‍കി. എന്നാല്‍, സര്‍ക്കാര്‍നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാന്‍ കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, വിസ്താരം തുടരാന്‍ ഉത്തരവിട്ടു.

ഇതേത്തുടര്‍ന്ന്, പ്രോസിക്യൂട്ടറെ മാറ്റുന്നകാര്യത്തില്‍ തീരുമാനമാവുന്നതുവരെ സാക്ഷിവിസ്താരം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം വീണ്ടും അപേക്ഷനല്‍കി. ഇതോടെ വെള്ളിയാഴ്ചയിലെ വിസ്താരം നിര്‍ത്തിവെച്ച കോടതി, പ്രോസിക്യൂട്ടറെ മാറ്റുന്നതില്‍ 14-നകം തീരുമാനമുണ്ടാവണമെന്ന് നിര്‍ദേശിച്ചു. അതുകഴിഞ്ഞും സാക്ഷിവിസ്താരം നിര്‍ത്തിവെക്കണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും അല്ലാത്തപക്ഷം 14-ന് വിസ്താരം തുടരുമെന്നും കോടതി പറഞ്ഞു.

വിസ്താരം നടത്താന്‍ തയ്യാറാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും നടത്തരുതെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും വെള്ളിയാഴ്ച കോടതിയില്‍ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കി. മധുവിന്റെ കുടുംബം ആവശ്യപ്പെട്ടപ്രകാരം വിസ്താരം നിര്‍ത്തിവെക്കണമെന്നും സാക്ഷികളെ വിസ്തരിക്കുന്നതില്‍ വീഴ്ചവന്നാല്‍ കേസിനെ ബാധിക്കുമെന്നുമാണ് അഡീഷണല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്‍ പറഞ്ഞത്.

Related News