കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരായ വിദ്വേഷ പ്രാചരണത്തില്‍ സ്വപ്‌നയുടെ വക്കീലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  • 11/06/2022

കോഴിക്കോട്: സ്വപ്ന സുരേഷിന്റെ അഭിഭാഷകനും തീവ്രഹിന്ദുത്വ പ്രചാരകനുമായ അഡ്വ. കൃഷ്ണരാജിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെ മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയെന്നാണ് കേസ്.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഐ.പി.സി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നാണ് സൂചന. പ്രവാചക നിന്ദയ്ക്ക് എതിരായ കേസുണ്ട്.

'യൂണിഫോമിന് പകരം മതവേഷത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ബസ് ഓടിച്ചു' എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പ്രചണത്തിന് നേതൃത്വം നല്‍കിയതിനാണ് കൃഷ്ണരാജിനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, വിദ്വേഷ പ്രചരണം വിവാദമായതോടെ കെ.എസ്.ആര്‍.ടി.സി തന്നെ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പി.എച്ച് അശ്റഫായിരുന്നു പ്രസ്തുത ചിത്രത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മേയ് 25ന് തിരുവനന്തപുരം- മാവേലിക്കര സര്‍വീസില്‍ ഡ്യൂട്ടി നിര്‍വഹിക്കുന്ന ചിത്രമാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നു.

ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഫാട്ടോ എടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Related News