പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചു; ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തതായി സി.പി.എം

  • 11/06/2022

പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറവെച്ച സംഭവത്തില്‍ പ്രതിയായ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സി.പി.എം. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെയാണ് സി.പി.എം. ഏരിയ കമ്മിറ്റി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.  

കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ക്യാമറ ഉപയോഗിച്ച് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ പരാതി. കുളിമുറിയുടെ ജനാലയ്ക്ക് സമീപം നിഴല്‍ കണ്ടതോടെ സംശയം തോന്നിയ വീട്ടമ്മ നോക്കിയപ്പോളാണ് എയര്‍ഹോളിലൂടെ കൈകള്‍ വരുന്നതും മൊബൈല്‍ഫോണ്‍ വെയ്ക്കുന്നതും കണ്ടത്.  

വീട്ടമ്മ ബഹളംവെച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയുടെ ഫോണ്‍ നിലത്തുവീണിരുന്നു. ഇത് കിട്ടിയതോടെ അയല്‍വാസിയും പാര്‍ട്ടി നേതാവുമായ ഷാജഹാനെ സഹായത്തിനായി വിളിച്ചു. അപ്പോഴാണ് നിലത്തുനിന്ന് കിട്ടിയ ഫോണ്‍ ബെല്ലടിക്കുകയും ഇത് ഷാജഹാന്റെ ഫോണാണെന്ന് മനസിലാവുകയും ചെയ്തത്. തുടര്‍ന്ന് പരാതിക്കാരി പാര്‍ട്ടിയെ വിവരമറിയിക്കുകയായിരുന്നു. 

സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട് സൗത്ത് പോലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പ്രതിയെ പിടികൂടാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിയായ ഷാജഹാന്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസിന്റെ പ്രതികരണം.  

Related News