കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി ഇന്ന് മലപ്പുറത്ത്

  • 12/06/2022

മലപ്പുറം: കനത്ത സുരക്ഷവലയത്തില്‍ മുഖ്യമന്ത്രി ഇന്ന് മലപ്പുറത്ത് എത്തും. രണ്ടു പരിപാടികളാണ് മലപ്പുറത്തുള്ളത്. പൊതുപരിപാടികളില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് തീരുമാനം. പങ്കെടുക്കുന്നവര്‍ ഒരുമണിക്കൂര്‍ മുമ്പ് എത്തണം. പൊന്നാനി തീരദേശ റോഡ് അടച്ചിടും.

ഉദ്ഘാടനവേദിയിലേക്ക് ഒന്‍പത് മണിക്ക് ശേഷം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഒന്‍പത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം വേദിക്ക് സമീപത്തേക്ക് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ കോട്ടയത്തും കൊച്ചിയിലും നടന്ന പരിപാടികളില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കൊച്ചിയിലെയും കോട്ടയത്തെയും പൊതുപരിപാടികള്‍ കഴിഞ്ഞ് തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രിക്കെതിരെ ഇവിടെയും പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും കോട്ടയത്ത് യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. പരിപാടിക്ക് വരുന്ന വഴി നാട്ടകത്ത് വെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മടങ്ങും വഴി നാഗമ്പടം പാലത്തിനു സമീപം വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടി.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ യാത്രകളില്‍ നാല്‍പതംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേര്‍, രണ്ടു കമാന്‍ഡോ വാഹനത്തില്‍ പത്തുപേര്‍. ദ്രുതപരിശോധനാസംഘത്തില്‍ എട്ടുപേര്‍ എന്നിങ്ങനെയുണ്ടാകും. ഇതിന് പുറമേ ജില്ലകളില്‍ ഒരു പൈലറ്റും എസ്‌കോര്‍ട്ടും അധികമായെത്തും.

Related News