ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷ്ടിച്ചത് വിരമിച്ച സീനിയര്‍ സൂപ്രണ്ട്

  • 12/06/2022

തിരുവനന്തപുരം: ആര്‍ഡിഒ കോടതിയില്‍ തൊണ്ടിമുതലായ സ്വര്‍ണം മോഷ്ടിച്ച ശേഷം മുക്കു പണ്ടം വച്ച മോഷ്ടാവ് മുന്‍ സീനിയര്‍ സൂപ്രണ്ട് ആണെന്ന് കണ്ടെത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പൊലീസ് നിരീക്ഷണത്തിലാക്കി. ഇയാള്‍ക്കെതിരെ നടപടി നിര്‍ദേശിച്ച് സബ് കളക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കി. 2020 ലെ സീനിയര്‍ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്ന് വകുപ്പുതല പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. 

110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. ഇയാള്‍ക്ക് പുറമേ നിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷിക്കും. 2010 മുതല്‍ 2019 വരെ കോടതിയിലേക്കെത്തിയ സ്വര്‍ണമാണ് മോഷണം പോയത്. തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നി. അപ്രൈസറെ കൊണ്ട് പരിശോധിച്ചപ്പോഴാണ് സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചതായി വ്യക്തമായത്. 2018 - 2020 വരെ ലോക്കറിലെത്തിയ സ്വര്‍ണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. 

തൊണ്ടിമുതലിന്റെ കസ്റ്റോഡിയന്‍ സീനിയര്‍ സൂപ്രണ്ടുമാരാണ്. സീനിയര്‍ സൂപ്രണ്ടുമാരോ അല്ലെങ്കില്‍ ലോക്കറിന്റെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലമറിയുന്ന മറ്റോരാ ആണ് സ്വര്‍ണമെടുത്തിരിക്കുന്നതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. 2017 മുതല്‍ 2021 ഫെബ്രുവരിയുള്ള തൊണ്ടി മുതല്‍ ഓഡിറ്റ് നടത്തിയ എജി എല്ലാം സുരക്ഷിതമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. അതിനാല്‍ എജി ഓഡിറ്റിന് ശേഷം മോഷണം നടക്കാനാണ് സാധ്യതയെന്നാണ് പൊലീസ് കരുന്നത്.

Related News