മുഖ്യമന്ത്രിക്കെതിരെ തവനൂരില്‍ പ്രതിഷേധം

  • 12/06/2022

മലപ്പുറം: തവനൂരില്‍ ജയില്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധം. കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി തവനൂരില്‍ ജയില്‍ ഉദ്ഘാടനവേദിയിലെത്തിയത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും വേദിയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.

അതിനിടെ, കുന്നംകുളത്ത് മുഖ്യമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇടവഴിയില്‍ മറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. നാലുപേരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. മുഖ്യമന്ത്രിയുടെ അതിസുരക്ഷാ സംവിധാനങ്ങള്‍ ഇന്നും തുടരാന്‍ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്‌ക്കെന്ന പേരില്‍ മലപ്പുറത്തും പൊതുജനങ്ങളുടെ കറുത്ത മാസ്‌ക്കുകള്‍ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്‌ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. പകരം മഞ്ഞ മാസ്‌ക്ക് പൊലീസ് നല്‍കി.

മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. സുരക്ഷയൊരുക്കാന്‍ 50 പൊലീസുകാരെയാണ് നിയോഗിച്ചത്. ജലപീരങ്കി അടക്കമുള്ള സംവിധാനം ഉയര്‍ത്തിയിരുന്നു.

Related News