എസ്.ഐയെ ജീപ്പ് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു

  • 12/06/2022

ആലപ്പുഴ: നൂറനാട് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്പെകടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എസ്.ഐ അരുണ്‍ കുമാറിനെയാണ് ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വെട്ടിയത്. ഉച്ചയ്ക്ക് പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയ നൂറനാട് സ്വദേശി സുഗതനാണ് എസ്.ഐയെ ആക്രമിച്ചത്.

പോലീസ് പട്രോളിങ്ങിനിടെ ബൈക്കില്‍ പിന്നാലെയെത്തിയ പ്രതി എസ്.ഐ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ബൈക്കില്‍ കരുതിയിരുന്ന വാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെട്ട് കൊള്ളാതിരിക്കാന്‍ കൈ ഉയര്‍ത്തി തടയുന്നതിനിടെയാണ് പരിക്കേറ്റത്. കൈക്ക് ഏഴ് തുന്നല്‍ ഇടേണ്ടി വന്നു. എസ്.ഐയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് വെട്ടിയതെന്ന് പ്രതി പറഞ്ഞു. 

പ്രതി സുഗതന്‍ മദ്യപിച്ച് സ്വന്തം സഹോദരന്റെ വീട്ടിലെത്തി തെറി വിളിക്കുകയും സഹോദരന്റെ ഭാര്യയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരാതിയുമായി സ്ത്രീ സ്റ്റേഷനിലെത്തുകയും ചെയ്തു. പോലീസുകാരെ വിട്ട് പ്രതിയെ എസ്.ഐ. സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് താക്കീത് നല്‍കിയ ശേഷം മദ്യലഹരി മാറിയ ശേഷം ചൊവ്വാഴ്ച സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചു. എന്നാല്‍ താന്‍ വരില്ലെന്നും വേണമെങ്കില്‍ ശ്രമിച്ച് നോക്കാനും പറഞ്ഞ ശേഷമാണ് മടങ്ങിയത്. തുടര്‍ന്നായിരുന്നു കരുതിക്കൂട്ടിയുള്ള ആക്രമണം.

Related News