മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പരിപാടികള്‍ക്കും കനത്ത സുരക്ഷ

  • 12/06/2022

കണ്ണൂര്‍: ഔദ്യോഗിക പരിപാടികള്‍ക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. സംസ്ഥാനപാതയില്‍ കരിമ്പത്തുള്ള കില തളിപ്പറമ്പ് കാമ്പസില്‍ അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയിരിക്കുന്നത്. ഞാ

ഇന്നലെ രാത്രി 10 മണിയോടെയാണ് മുഖ്യമന്ത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയത്.കരിമ്പത്തുള്ള കില തളിപ്പറമ്പ് കാമ്പസില്‍ അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം ഇന്ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ്, ഹോസ്റ്റല്‍ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി എം.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. ഇതിനു ശേഷം 12.30-ന് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലാസംഗമം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും.

കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മുഖ്യമന്ത്രിയുടെ യാത്രാപാതയില്‍ ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍നിന്ന് ഏതു വഴിയിലൂടെയാണ് മുഖ്യമന്ത്രി തളിപ്പറമ്പില്‍ എത്തുക എന്ന കാര്യം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 700-ഓളം പോലീസുകാരെ വിവിധ സ്ഥലങ്ങളിലായി സുരക്ഷാഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. തളിപ്പറമ്പ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. രാഹുല്‍ ആര്‍. നായരാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന കൂറ്റന്‍ പന്തലാണ് കരിമ്പത്ത് ഒരുക്കിയിരിക്കുന്ന ഉദ്ഘാടനവേദി. വേദിയും സദസ്സും തമ്മില്‍ അഞ്ചുമീറ്ററിലേറെ അകലത്തില്‍ വേര്‍തിരിച്ചിട്ടുണ്ട്. ഡി.ഐ.ജി., കില ഡയറക്ടര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ തളിപ്പറമ്പിലെത്തി വേദിയും മറ്റ് ഒരുക്കങ്ങളും വിലയിരുത്തി.നഗരവികസനത്തിന് ഏറെ മുതല്‍കൂട്ടാകുന്ന കേന്ദ്രമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

Related News