സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്‌ന സുരേഷും; മുഴുവന്‍ സമയവും ആന്ധ്രയില്‍ നിന്നുള്ള രണ്ട് ബോഡിഗാര്‍ഡ്‌സ് ഒപ്പം

  • 13/06/2022

പാലക്കാട്: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാസുരേഷും സുരക്ഷയ്ക്കായി രണ്ട് മുഴുവന്‍സമയ സുരക്ഷാജീവനക്കാരെ ചുമതലപ്പെടുത്തി. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടത് വിവാദമായതോെട സുരക്ഷവേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിരുന്നു. സ്വപ്നയുടെ ആവശ്യപ്രകാരം സ്വകാര്യ ഏജന്‍സിയില്‍നിന്നുള്ള ആന്ധ്രാസ്വദേശികളായ യുവാക്കളാണ് സുരക്ഷാചുമതലയിലുള്ളത്.

ഞായറാഴ്ച രാവിലെ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ സുരക്ഷാജീവനക്കാരുടെ അകമ്പടിയിലാണ് സ്വപ്ന ഒപ്പിടാനെത്തിയത്. സ്വര്‍ണക്കടത്തുകേസ് ജാമ്യവ്യവസ്ഥകളുടെ ഭാഗമായാണ് സ്വപ്ന സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച വൈകീട്ട് പത്രസമ്മേളനത്തിനിടെ അപസ്മാരലക്ഷണങ്ങളോടെ സ്വപ്ന കുഴഞ്ഞുവീണിരുന്നു. ഇതിനുശേഷം ഫ്‌ളാറ്റില്‍ വിശ്രമത്തിലായിരുന്ന ഇവര്‍ ഞായറാഴ്ച രാവിലെ നടക്കാന്‍ ബുദ്ധിമുട്ടിയാണ് പോലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷന്‍ ഓഫീസറുടെ മുറിയിലെ രജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങി കാറില്‍ കയറിയശേഷമാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറായത്.

അഭിഭാഷകനെ നേരില്‍ക്കണ്ട് നിയമോപദേശം തേടാനായി എറണാകുളത്തേക്ക് പോകുകയാണെന്ന് സ്വപ്ന പറഞ്ഞു. പുറത്തുനടക്കുന്ന പ്രതിഷേധങ്ങള്‍ തന്റെ വിഷയമല്ലെന്നും ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തില്‍നിന്ന് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ചെയ്ത ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. സ്വര്‍ണക്കടത്തുകേസില്‍ മൊഴി നല്‍കിയതിലുള്ള പ്രതികാരമാണ് പുതിയകേസ് എന്നനിലപാടിലാണ് സ്വപ്ന.

Related News