മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം; നേരിട്ട് ഇ.പി ജയരാജന്‍

  • 13/06/2022

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ  വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ചെത്തിയവര്‍ പ്രതിഷേധിച്ചതോടെ പോലീസ് ഇവരെ ബലമായി കീഴ്പ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍ദീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. പ്രതിഷേധിക്കാന്‍ എഴുന്നേറ്റതോടെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അടിച്ചിട്ടെന്ന് ഫര്‍ദീന്‍ മജീദ് പറഞ്ഞു. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തി. 

കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ കയറിയിരുന്നുവെങ്കിലും തിരുവനന്തപുരത്ത് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മാത്രമാണ് ഞങ്ങള്‍ എഴുന്നേറ്റത്. യാത്രക്കാരുടെ മുന്നിലിട്ട് ഇ.പി. ജയരാജന്‍ മര്‍ദിച്ചെന്നും ഫര്‍ദീന്‍ ആരോപിച്ചു.പ്രതിഷേധക്കാരെ മൊഴിയെടുത്തശേഷം വലിയതുറ പോലീസിന് കൈമാറും. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ 'പ്രതിഷേധം .. പ്രതിഷേധം' എന്ന് പറഞ്ഞ് യുവാക്കള്‍ ഏഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇ.പി ജയരാജന്‍ അവരെ നേരിടാന്‍ രംഗത്തിറങ്ങിയത്. 

മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടതെന്ന് ഇ.പി ജയരാജന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിക്കാന്‍ മുതിരുന്നതിനിടെ ഞാന്‍ അവരെ തടയുകയായിരുന്നു. കള്ള് കുടിച്ചിട്ടാണ് അവര്‍ വിമാനത്തില്‍ കയറിയത്. 'എന്ത് കോണ്‍ഗ്രസാണിത്. ഭീകരപ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. ഞങ്ങളവിടെ ഇല്ലായിരുന്നുവെങ്കില്‍ ഇവര്‍ മുഖ്യമന്ത്രിയെ ആക്രമിക്കുമായിരുന്നു. പ്രവര്‍ത്തകരെ മൂക്കറ്റം കള്ളും കുടിപ്പിച്ച് പ്രതിഷേധമെന്ന പേരില്‍ കോണ്‍ഗ്രസ് കയറ്റി വിടുകയായിരുന്നു' - ഇ.പി ആരോപിച്ചു.

Related News