രാജ്ഭവന്‍ മാര്‍ച്ച് ആഹ്വാനം; ബന്ധമില്ലെന്ന് പ്രബല മുസ്ലിം സംഘടനകള്‍

  • 13/06/2022

കോഴിക്കോട്: പ്രവാചകനിന്ദ വിവാദവുമായി ബന്ധപ്പെട്ട് മുസ്ലിം കോഓഡിനേഷന്‍ എന്ന പേരില്‍ ഇന്ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പ്രബല മുസ്ലിം സംഘടനകള്‍ അറിയിച്ചു.

മുസ്ലിം കോഓഡിനേഷന്‍ എന്ന സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇ.കെ സമസ്തയും, എ.പി സമസ്തയും, കെ.എന്‍.എമ്മും വ്യക്തമാക്കി. പ്രവാചകനിന്ദ വിവാദത്തില്‍ ബി.ജെ.പി നേതാക്കളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റിയാണ് രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്. വിവിധ രാഷ്ട്രീയ-മുസ്ലിം സംഘടനകളുടെ പേരുകള്‍ ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തതോടെയാണ് സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയത്.


 
മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ചില തല്‍പര കക്ഷികള്‍ വിവിധ സംഘടനകളുടെ പേരെഴുതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ മുസ്ലിം ലീഗിന്റെ പേരും എഴുതിയിട്ടുണ്ട്. മുസ്ലിം ലീഗിന് ഈ പരിപാടിയുമായി യാതൊരു ബന്ധവുമില്ല. വ്യാജ പ്രചാരണം നടത്തി ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചിലര്‍. അത്തരം പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ. സലാം അറിയിച്ചു.


രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പേര് ഉള്‍പ്പെടുത്തിയുള്ള പ്രചാരണ പോസ്റ്ററുകളും മെസ്സേജുകളും സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികള്‍ക്ക് സമസ്തയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും സമസ്ത ഓഫീസും അറിയിച്ചു.

സമരത്തില്‍ കേരള മുസ്ലിം ജമാഅത്ത് പങ്കെടുക്കുന്നുവെന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.

Related News