പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍

  • 14/06/2022

തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കടന്നു. ഇവരില്‍ ഒരാളെ പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫ് തടഞ്ഞു വെച്ചു. കന്റോണ്‍മെന്റ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. 

നാല് പ്രതിഷേധക്കാരാണ് കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറിയത്. ഇവരെ പൊലീസ് തടഞ്ഞുവെച്ചിരുന്നു.ഗേറ്റിന് പുറത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. അതേസമയം അതിക്രമിച്ച് കയറിയവരില്‍ രണ്ടുപേരെ പൊലീസ് പുറത്തുവിട്ടെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫ് പിടിച്ചുവെച്ചയാളെ പൊലീസിന് കൈമാറി. സ്റ്റാഫ് മര്‍ദ്ദിച്ചെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പറഞ്ഞു. പുറത്ത് സമരം നടത്തിയ പ്രവര്‍ത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്‌ഐ ആരോപിച്ചു.

അതേസമയം സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്.വിളപ്പില്‍ശാലയില്‍ വെച്ച് പിണറായി വിജയന്റെ വാഹനത്തിന് നേരെ ചീമുട്ടയേറ് ഉണ്ടായി. മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. രാവിലെ ക്ലിഫ് ഹൗസിന് മുന്നില്‍ കറുത്തസാരിയുടുത്ത് മഹിള മോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധിച്ചിരുന്നു. ഇവരെയും പൊലീസ് അറ്സ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Related News