വിവാദ നോട്ടീസ്; മയ്യില്‍ ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റി

  • 15/06/2022

കണ്ണൂര്‍: മുസ്ലിം പള്ളികള്‍ക്ക് വിവാദ നോട്ടീസ് നല്‍കിയ മയ്യില്‍ പോലീസിന്റെ നടപടിയില്‍ ഇന്‍സ്‌പെക്ടറെ ചുമതലയില്‍ നിന്ന് മാറ്റി. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെയാണ് ചുമതലയില്‍ നിന്നും മാറ്റിയത്. സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് രംഗത്തെത്തി. 

കണ്ണൂരില്‍ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.സര്‍ക്കാര്‍ നയം മനസ്സിലാക്കാതെയാണ് എസ്എച്ച്ഒ നോട്ടീസ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡിജിപി മാറ്റിയിട്ടുണ്ട്. 

രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ വിശ്വാസികളും മതസ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്. ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.

വെള്ളിയാഴ്ചകളില്‍ ജുമാ നിസ്‌കാരത്തിന് ശേഷം പള്ളികളില്‍ നടത്തുന്ന മത പ്രഭാഷണത്തില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ, വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ ഒന്നും പാടില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു് നോട്ടീസ്. ഇത് വിവാദമയതിനെ തുടര്‍ന്ന് എസ് ച്ച് ഒയോട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍. ഇളങ്കോ വിശദീകരണം തേടിയിരുന്നു. നോട്ടീസില്‍ പിഴവ് പറ്റിയെന്നാണ് എസ് എച്ച് ഒയുടെ വിശദീകരണം.പ്രവാചകന് എതിരായ പരാമര്‍ശം വിവാദമായപ്പോള്‍ ജില്ലയില്‍ ഇമാം കൗണ്‍സിലിന്റെ പ്രതിഷേധം ഉണ്ടായിരുന്നു. മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കണം എന്ന കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹല്ല് കമ്മറ്റികള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കാനായിരുന്നു കമ്മീഷണര്‍ അറിയിച്ചതെന്നും എന്നാല്‍ നോട്ടീസ് നല്‍കിയത് ശരിയായില്ലെന്നുമാണ് എസ്എച്ച്ഒ പറഞ്ഞത്.

Related News