നീണ്ട ഇടവേളക്ക് ശേഷം രാജ്യത്ത് പതിനായിരം കടന്ന് പ്രതിദിന കോവിഡ് കേസ്

  • 16/06/2022

ന്യൂഡല്‍ഹി: നീണ്ട ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,213 കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 38.4 ശതമാനം വര്‍ധനയാണ് കോവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതു. കേരളത്തില്‍ 3 കോവിഡ് മരണവും മഹാരാഷ്ട്രയില്‍ രണ്ട്, കര്‍ണാടക , തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ കോവിഡ് മരണങ്ങള്‍ വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3488 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം 8,822 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്ത് പതിനായിരവും കടന്ന് പ്രതിദിന കോവിഡ് കേസുകള്‍ കുതിക്കുന്നത്. 

നിലവില്‍ 53,637 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ആകെ കോവിഡ് കേസുകളില്‍ 0.13 ശതമാനമാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,624 പേരാണ് കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്ത് 4,26,74,712 പേര്‍ രോഗമുക്തി നേടി. 2.38ല്‍ നിന്നാണ് പ്രതിവാര കോവിഡ് പോസിറ്റീവ് റേറ്റ് 2.35 ശതമാനത്തിലെത്തിയത്. അതേസമയം, രോഗമുക്തി നിരക്ക് 98.65 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 195.67 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related News