തമ്മിലടിച്ച കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറിമാരെ സസ്‌പെന്റ് ചെയ്തു

  • 16/06/2022


കോട്ടയം: ഡി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ തമ്മിലടിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഷിന്‍സ് പീറ്റര്‍, ടി.കെ. സുരേഷ് കുമാര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

നെടുംകുന്നം സംഘര്‍ഷത്തില്‍ ഐ.എന്‍.ടിയുസി ജില്ലാ സെക്രട്ടറി ജിജി പോത്തനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരസ്പരമുള്ള തമ്മിലടി കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങിനിടെ ഡി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ കോട്ടയം കൊടുങ്ങൂരില്‍ തമ്മില്‍തല്ലിയത്. ഡി.സി.സി പ്രസിഡന്റ് പങ്കെടുത്ത പരിപാടിക്ക് തൊട്ടുപിന്നാലെയായിരുന്നു കയ്യാങ്കളി. കൊടുങ്ങൂരില്‍വച്ച് ജനറല്‍ സെക്രട്ടറിമാരായ ഷിന്‍സ് പീറ്റര്‍, ടി.കെ. സുരേഷ് കുമാര്‍ എന്നിവരാണ് തമ്മിലടിച്ചത്.

ഇതിന് പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കെ.പി.സിസി.ക്ക് പരാതി നല്‍കിയിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കെ.പി.സി.സി പ്രാദേശിക നേതൃത്വത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശേഷം ദൃശ്യങ്ങള്‍ കണ്ട കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഇരുവര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാണ് തര്‍ക്കത്തിനിടയാക്കിയത് എന്നായിരുന്നു ഇതില്‍ കോണ്‍ഗ്രസ് നല്‍കിയിരുന്ന വിശീദകരണം. റാങ്ക് ജേതാക്കളുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു കൊടുങ്ങൂരിലെ ഹാളില്‍ നടന്നത്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പങ്കെടുത്ത ചടങ്ങിനിടെ ഷിന്‍സും സുരേഷും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു.
ശേഷം ഹാളിന് പുറത്ത് ഇറങ്ങിയപ്പോള്‍ ഷിന്‍സ് പീറ്ററെ ടി.കെ. സുരേഷ് കുമാര്‍ പിടിച്ചുതള്ളി. ഇത് പിന്നീട് വലിയ രീതിയിലുള്ള കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആദ്യം കോണ്‍ഗ്രസ് ഗ്രൂപ്പുകളിലും പിന്നീട് സി.പി.ഐ.എം ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കൊടുങ്ങൂര്‍ മേഖലയില്‍നിന്ന് വരുന്ന കോണ്‍ഗ്രസ് നേതാക്കളാണ് ഷിന്‍സ് പീറ്ററും സുരേഷ് കുമാറും.

Related News