മന്ത്രി വീണാ ജോര്‍ജ്ജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാന്‍ സഹപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

  • 17/06/2022

കൊച്ചി: സഹപ്രവര്‍ത്തകയുടെ പരാതിയില്‍ പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.  

ഓഫീസില്‍വെച്ച് മോശമായി പെരുമാറിയെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നുമാണ് ജീവനക്കാരിയുടെ പരാതി. അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിരന്തരം പ്രലോഭിപ്പിച്ചുവെന്നും പല രീതിയില്‍ അതിനായി സമീപിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. നിരന്തരം ഭീഷണിപ്പെടുത്തി, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ക്രൈം നന്ദകുമാറിനെതിരേ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫെയ്‌സ്ബുക്ക് വഴിയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നായിരുന്നു നന്ദകുമറിനെതിരായ കേസ്.



Related News