കൂളിമാട് പാലം; ഊരാളുങ്കല്‍ സൊസൈറ്റിക്ക് മന്ത്രിയുടെ താക്കീത്, രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

  • 17/06/2022

കോഴിക്കോട്: കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിയെ താക്കീത് ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. 

പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്.നിര്‍മാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതരോട് മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങള്‍ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിര്‍ദേശിച്ചു. 

പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി തിരിച്ചയച്ചിരുന്നു. റിപ്പോര്‍ട്ടില്‍ രണ്ട് പിഴവുകളാണ് ചൂണ്ടിക്കാണിച്ചത്. ബീമുകള്‍ ഉറപ്പിപ്പിക്കുമ്പോള്‍ ഹൈഡ്രോളിക് ജാക്ക് തകരാറായതാണ് ഒരു പ്രശ്‌നം. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നടതടക്കം മാനുഷിക പിഴവുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ്, ഇതില്‍ എന്താണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണമെന്തെന്ന് വ്യക്തമാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്.

Related News